മുംബൈ: ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.
ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഏഴു ദശാബ്ദക്കാലത്തെ കരിയറില്‍, ‘അജീബ് ദസ്തന്‍ ഹായ്’, ‘പ്യാര് കിയാ തോ ഡര്‍ണാ ക്യാ’, ‘നീല അസ്മാന് സോ ഗയാ’, ‘തേരേ ലിയേ’ തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറവികൊണ്ടത്.
മെലഡി ക്വീന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറിന് , പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.